എനിക്ക് ഏതാണ്ട് നാലോ അഞ്ചോ വയസു ഉള്ളപോഴുള്ള ഒരു സംഭവമാണ്, ശരിക്കും സംഭവം എന്ന് പറയാനും വേണ്ടി ഒന്നുമില്ല, ചെറിയ ഒരു ഓർമ്മ കുറിപ്പ്.
അന്ന് എനിക്ക് ഒരു കുഞ്ഞു സ്വർണ മാല ഉണ്ടായിരുന്നു. ഏതു സമയവും അതിൽ പിടിച്ചും കടിച്ചും ഒക്കെ ഇരിക്കുന്നത് അന്ന് എന്റെ ഒരു ഹോബി ആയിരുന്നു. ഒരു ദിവസം അങ്ങനെ ഞാൻ എന്റെ മാലയും കടിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ വീടിന്റെ തൊട്ടു അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു. "എപ്പോഴും ഇങ്ങനെ മാലയെ പിടിച്ച് കൊണ്ടിരുന്നാൽ അത് പോട്ടിപോകും, സ്വർണ മാല പൊട്ടിച്ചാൽ പോലീസ് പിടിക്കും" ( ചേച്ചി എന്നെ വെറുതെ പേടിപ്പിക്കാനൊ മറ്റോ പറഞ്ഞതായിരിക്കണം) . അത് കേട്ട് പേടിച്ച ഞാൻ പിന്നെ മാല പിടിച്ചു കളിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷെ എന്നാലും ചിലപ്പോഴൊക്കെ ഓർക്കാതെ വീണ്ടും അതിൽ പിടിച്ചു കളിക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞുള്ള സമയം ആണെന്നാണ് ഓർമ. ഞാൻ വീട്ടിലെ സെറ്റിയിൽ കിടക്കുവായിരുന്നു. അത് പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് വരിഞ്ഞ ഒരു സെറ്റി ആയിരുന്നു. അതിൽ ഈ വള്ളികൾ വരിഞ്ഞു തീരുന്ന ഭാഗത്ത് രണ്ടു എണ്ണം ചേർത്ത് കെട്ടിയിട്ടുണ്ട്. അങ്ങനെയുള്ള കുറെ കെട്ടുകൾ അതിലുണ്ടായിരുന്നു.
ഞാൻ അതിൽ കിടന്നു പല കസർത്തുകളും കാണിച്ചിട്ട് എഴുനേൽക്കാൻ നോക്കുമ്പോഴുണ്ട് മാല അതിൽ കുരുങ്ങിയിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും എടുക്കാൻ പറ്റുന്നില്ല, എനിക്ക് എണീക്കാനും പറ്റുന്നില്ല. അവസാനം ഒരുവിധം പണിപെട്ട് അവിടുന്ന് എണീറ്റു. അപ്പോഴാണ് കാണുന്നത് മാലയുടെ കുരുക്കു അഴിഞ്ഞു പോരുന്നതല്ല അത് പൊട്ടി അതിൽ തന്നെകിടക്കുവാണെന്നു. പെട്ടെന്ന് തന്നെ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞത് ഓർമ വന്നു. ഇനി എന്ത്ചെയ്യും മാല പൊട്ടി, അപ്പൊ പിന്നെ പോലീസ് എന്തായാലും വരാതിരിക്കില്ല. ആകെ പേടി ആയി, ആരോടെങ്കിലും പറയാനും പേടി. അങ്ങനെ ആരോടും പറയാതെ അത് ഒരിടത്തു ഒളിപ്പിച്ചു വച്ചു. പിന്നെ അതിന്റെ കാര്യം മറന്നും പോയി. വൈകിട്ട് കുളിപ്പിക്കാൻ വേണ്ടി കൊണ്ട് നിർത്തിയപ്പോൾ കഴുത്തിൽ മാലയില്ലാത്ത കാര്യം അമ്മയുടെ ശ്രദ്ധയിൽ പെട്ടു. മാല എവിടെ എങ്കിലും കളഞ്ഞു പോയതായിരിക്കുമെന്ന് വിചാരിച്ചു അമ്മ ആകെ പരിഭ്രമിച്ചു.അതു കണ്ടിട്ടു പേടിയുണ്ടെങ്കിലും മടിച്ചു മടിച്ചു അമ്മയോട് കാര്യം പറഞ്ഞു. മാല എടുത്തു കൊടുക്കുകയും ചെയ്തു. പക്ഷെ എന്റെ പേടി അപ്പോഴും തുടർന്നു. വീടിനു പുറത്തു ആര് വന്നാലും പോലീസ് ആയിരിക്കുമോ എന്നു പേടിച്ചു പുറത്തിറങ്ങില്ല. അന്ന് പോലീസ് എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും എല്ലാരും പേടിയോടെ കാണുന്ന ഒന്നാണെന്നും എല്ലാവരെയും ഉപദ്രവിക്കും എന്നൊക്കെ ആയിരുന്നു വിചാരിച്ചിരുന്നത്.
അന്നൊക്കെ എനിക്കും ചേട്ടനും ട്യുഷൻ എടുക്കാൻ വേണ്ടി ഒരു ചേച്ചി വീട്ടിൽവരുമായിരുന്നു. അങ്ങനെ മാല പൊട്ടിയിട്ടു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ, അന്നും പതിവു പോലെ ചേച്ചി ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുവാരുന്നു. അപ്പൊ പുറത്തു ആരോവിളിക്കുന്ന ശബ്ദം. ഞാൻ ഒരു ജനലിന്റെ സൈഡിൽ ആയിരുന്നു ഇരുന്നത്. ഞാൻ അതുവഴി പുറത്തേക്കു നോക്കി. പുറത്തു വന്നവരെ കണ്ടു പേടിച്ചു പുറത്തേക്കുനോക്കിയതിനെക്കാളും സ്പീഡിൽ ഞാൻ തല അകത്തേക്ക് തിരിച്ചു. പുറത്തു രണ്ടു പോലീസുകാർ, അവരു വന്നിട്ട് എന്തൊക്കെയോ ചോദിക്കുന്നു, അമ്മ എന്തൊക്കെയോ മറുപടിയും പറയുന്നു. കുറെ കഴിഞ്ഞു അവരു പോകുകയും ചെയ്തു. എനിക്ക് ഭയങ്കര ആശ്വാസമായി, അവരു എന്നെ പിടിച്ചുകൊണ്ടു പോയില്ലല്ലോ, ഞാൻ അങ്ങനെ രക്ഷപെട്ടിരിക്കുന്നു. പേടി ആയിരുന്നതുകൊണ്ട് പോലീസ് വന്നതിനെ കുറിച്ചോ, അവര് എന്തിനു വന്നു എന്നോ ഞാൻ ആരോടും ചോദിച്ചതുമില്ല. പിന്നെ ദിവസങ്ങൾ കഴിയുന്നതിനനുസരിച്ചു ഞാൻ ആ കാര്യമെല്ലാം മറന്നും പോയി.
പിന്നീട് വർഷങ്ങൾ കഴിഞ്ഞു, ഏതാണ്ട് കുറച്ചു നാളുകൾക്കു മുമ്പ് പഴയ എന്തോ കഥകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ അമ്മയോട് ഈ സംഭവം പറഞ്ഞു. അപ്പൊ മാത്രമാണ്അന്ന് പോലീസ് വന്നത് എന്തിനാണെന്നും, അവർ അന്വേഷിച്ചത് എന്തായിരുന്നെന്നും ഒക്കെ എനിക്ക് മനസിലായത്. അന്ന് ആ നാട്ടിലെ ഏറ്റവും പ്രതാപമുള്ള തറവാട്ടുകാരായിരുന്നു കണ്ണംബള്ളിൽ തറവാട്. അവിടുത്തെ ഒരു വലിയ ചെമ്പ് വാർപ്പ് ( സദ്യ ഒരുക്കാനും മറ്റുംഉപയോഗിക്കുന്ന വലിയ ചെമ്പ് പാത്രം ) കളവു പോയി. അങ്ങനെ അവരു പോലീസിൽ പരാതി കൊടുത്തു. അപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി അടുത്ത വീട്ടിലൊക്കെ വന്നതായിരുന്നു ആ പോലീസുകാർ.
പിന്നെ വേറൊരു കാര്യം എന്താണെന്ന് വച്ചാൽ, അന്നു ആ ചെമ്പുവാർപ്പ് കണ്ടു പിടിച്ചത് ഞങ്ങളുടെ വീട്ടിലെ പട്ടി ആയിരുന്നു. അന്നു വീട്ടിൽ പട്ടിയെ കെട്ടിയിടുമായിരുന്നില്ല, അവനതു ഇഷ്ടവുമല്ലായിരുന്നു, 'വീരൻ' എന്നായിരുന്നു അവന്റെ പേര്. പേര് പോലെ തന്നെ അവൻ ഒരു വീരനുമായിരുന്നു. അസാമാന്യ വലിപ്പവും, ബുദ്ധിയും, സ്നേഹവുമുള്ള ഒരു വീരൻ തന്നെ ആയിരുന്നു അവൻ. വീടിനു ഒരു കിലോമീറ്റർ അകലെയായി ഒരു ചെറിയ അമ്പലവും അതിനോട് ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. നമ്മുടെ കള്ളൻ ആ വാർപ്പ് എടുത്തുകൊണ്ടുപോയി ആ കാവിലെ ഒരു മരത്തിൻറെ മുകളിൽ ഭദ്രമായി വച്ചിരിക്കുകയായിരുന്നു. നമ്മുടെ വീരൻ മണം പിടിച്ചു ചെന്ന് 'തൊണ്ടിമുതൽ' കയ്യോടെപിടിച്ചു. അവൻ അവിടെ നിന്ന് മരത്തിനു മുകളിലേക്ക് നോക്കി ഭയങ്കര കുരയും ബഹളവും.അങ്ങനെ നാട്ടുകാരൊക്കെ കൂടി വന്നു നോക്കിയപ്പോൾ വാർപ്പ് അവിടെ വച്ചിരിക്കുന്നത് കണ്ടു. അങ്ങനെ ആ കേസിനു തുമ്പ് ഉണ്ടാക്കി കൊടുത്തിട്ട് നമ്മുടെ വീരൻ ഹീറോ സ്റ്റൈലിൽ സ്ലോമോഷനിൽ തന്നെ അവിടുന്ന് പോയി. ഇത് മാത്രമല്ല, നമ്മുടെ വീരന്റെ വീര സാഹസിക കഥകൾ ഇനിയും ഒരുപാടുണ്ട്, അതൊക്കെ വേറൊരു അവസരത്തിൽ പറയാം. പക്ഷെ, ഇങ്ങനെയുള്ള വീര പ്രവർത്തികൾ കാരണം എല്ലാ ഹീറൊകളേയും പോലെ, അവനു പണികൊടുക്കാൻ കാത്തിരിക്കുന്ന വില്ലന്മാരും ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു.