ആദ്യമായി സ്കൂളിൽ പോകുവാൻ മിക്കവാറും എല്ലാ കുട്ടികൾക്കും ഇഷ്ടമായിരിക്കും, കാരണം വേറൊന്നുമല്ല അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ല അത്ര തന്നെ. നമ്മുടെ ചേട്ടന്മാരും ചേച്ചിമാരും പോകുന്നതുപോലെ ബാഗും കുടയും ഒക്കെ ആയി നമുക്കും പോകാമല്ലോ എന്നായിരിക്കും ചിന്ത. അവിടെ ക്ലാസ്സിൽ ഒരിടത്ത് അനുസരണയോടെ ഇരിക്കണം എന്നോ, ബഹളമോന്നുമുണ്ടാക്കാതെ ടീച്ചർ പറയുന്നതൊക്കെ കേൾക്കണം എന്നോ അറിയില്ല. ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ എത്തുമ്പോഴായിരിക്കും ഇതൊക്കെ അറിയുക. പിന്നെ അങ്ങോടു കരച്ചിലും ബഹളവും ഒക്കെ ആയി കൂടെ വന്നവരെ പോകാൻ അനുവദിക്കാതെ വാശി പിടിക്കും. പിന്നെ പതുക്കെ പതുക്കെ പുതിയ കൂട്ടുകാരെ ഒക്കെ പരിചയപെട്ടു സ്കൂൾ ജീവിതം ഇഷ്ട്ടപെടുവാൻ തുടങ്ങും.
ആദ്യമായി എന്നെ സ്കൂളിൽ കൊണ്ടുപോയത് എന്റെ അമ്മ ആയിരുന്നു. അന്ന് എന്റെ ചേട്ടനും ഒപ്പമുണ്ടായിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിലും ചേട്ടൻ രണ്ടാം ക്ലാസ്സിലും. സ്കൂളിന്റെ ഒരു ഏകദേശ രൂപം ചേട്ടൻ എനിക്ക് നേരത്തെ തന്നെ തന്നിരുന്നു. അതുകൊണ്ടുതന്നെ സ്കൂളിനെ കുറിച്ച് വലിയ സ്വപ്നങ്ങളൊന്നും നെയ്തുകൂട്ടാതെ ആണ് ഞാൻ പോയത്. ഞാൻ സ്കൂളിൽ ചെന്നാൽ എല്ലാവരെയും കണ്ടു പേടിക്കുമെന്നും, അമ്മ തിരിച്ചു പോകുമ്പോൾ ഞാൻ കരയുമെന്നും മറ്റും പറഞ്ഞു ചേട്ടൻ എന്നെ പേടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിൽ എത്തിയാൽ ഞാൻ ഒരിക്കലും കരയില്ല എന്ന് തീരിമാനിച്ചിരുന്നു. ഒരു സ്ലേറ്റും, സ്ലേറ്റുപെന്സിലും, പിന്നെ ചുവപ്പിൽ വെള്ള നെറ്റ് ഡിസൈൻ ഉം അതിൽ കുറെ മീനുകൾ ഓടി നടക്കുന്ന ചിത്രമുള്ള ഒരു കുടയും അതായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ. ഇന്നത്തെ പോലെ ബാഗ് ഒന്നുമുണ്ടായിരുന്നില്ല. ക്ലാസ്സിൽ മുൻനിരയിൽ മൂന്നു ബഞ്ചും പിന്നെ ഇരു വശത്തും ഓരോ ബഞ്ച് വീതവുമായിരുന്നു ഉണ്ടായിരുന്നത്. അതിൽ ക്ലാസ്സിന്റെ വാതിലിനു അടുത്ത് ഉള്ള സൈഡ് ബഞ്ചിൽ ഒന്നാമതായി എന്നെ ഇരുത്തി. കുറെ നേരം എന്റെ അടുത്തൊക്കെ ഇരുന്നിട്ട് അമ്മ തിരിച്ചുപോയി. അപ്പോൾ എന്റെ ചിന്ത, അമ്മ തിരിച്ചു പോയിട്ടും എനിക്ക് പേടി ആയില്ലല്ലോ ഞാൻ കരഞ്ഞില്ലല്ലോ എന്നായിരുന്നു. ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ ചേട്ടനോട് ഇത് പറഞ്ഞു വലിയ ആള് ആകണം (കാരണം ചേട്ടനെ ആദ്യമായി സ്കൂളിൽ കൊണ്ടുപോയ അന്ന് ഭയങ്കര കരച്ചില് ആരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്) എന്നൊക്കെ ചിന്തിച്ചു ഞാൻ അവിടെ ആരോടും മിണ്ടാതെ ഉച്ച വരെ കഴിച്ചു കൂട്ടി. ഞാൻ ഒഴിച്ച് ബാക്കിയുള്ള കുട്ടികൾ എല്ലാവരും നേരത്തെ തന്നെ കൂട്ടുകാർ ആയിരുന്നോ എന്നെനിക്കു സംശയം തോന്നി. കാരണം മുന്നിലെ നിരയിൽ ഉണ്ടായിരുന്ന ബഞ്ചിൽ ഉള്ള കുട്ടികൾ മിക്കവാറും എല്ലാവരും ഭയങ്കര കളിയും വർത്തമാനം പറച്ചിലും. മറ്റേ സൈഡിലെ ബഞ്ചിൽ ഇരുന്നു ഒരു കുട്ടി മാത്രം കരയുന്നു. ഒന്നാം ക്ലാസ്സ് കഴിയുന്നത് വരെ ഞാൻ അങ്ങനെ ഒരു മൂലയ്ക്ക് വലിയ ബഹളമോ കൂടുകാരോ ഒന്നുമില്ലാതെ കഴിച്ചു കൂട്ടി. പിന്നെ രണ്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ടീച്ചർ എല്ലാവരുടെയും ഇരിപ്പിന്റെ സ്ഥാനം ഒന്ന് മാറ്റി, അപ്പോൾ ഞാൻ ആ ക്ലാസ്സിലെ ആക്റ്റീവ് ടീമിന്റെ കൂടെ ആയി. അങ്ങനെ ഞാനും ആക്റ്റീവ് ആയി ക്ലാസ്സിൽ. പിന്നെ അങ്ങോട്ട് ഞങ്ങളുടെ ടീമിന്റെ സുവർണകാലം ആയിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങൾ ആയിരുന്നു അഞ്ചു വർഷക്കാലം ഞങ്ങളുടെ ക്ലാസ്സിനെ നയിച്ചിരുന്നത്. അങ്ങനെ ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള സ്കൂൾ ജീവിതം വളരെ രസകരമായ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു.
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ ഞങ്ങൾ കുറെ കുട്ടികൾ ചേർന്ന് ഓട്ടമത്സരംകളിച്ചു. എല്ലാവരും തിടുക്കത്തിൽ ഓടുന്ന കൂട്ടത്തിൽ എന്റെ തൊട്ടു മുന്നിലായിഓടിക്കൊണ്ടിരുന്ന സോണിയ എന്തിലോ തട്ടി നിലത്തുവീണ് കൈവെള്ളയിലെ തൊലി ചെറുതായി പോയി. അവൾ അവിടെ കിടന്നു കരയാൻ തുടങ്ങി, അപ്പോഴേക്കും എല്ലാവരും ഓട്ടമൊക്കെ നിർത്തി ആകെ വിഷമിച്ചു നിൽക്കുവാ. അതുകണ്ട് ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ശാന്തമ്മ ടീച്ചർ ഓടി വന്നു അവളെ പൊക്കിയെടുത്തു ഇരുത്തി ആശ്വസിപ്പിച്ചു. എന്നിട്ട് എങ്ങിനെയാ വീണത് എന്ന് ടീച്ചർചോദിച്ചപ്പോൾ അവൾ നാലുപാടും നോക്കി. അവളുടെ തൊട്ടു പുറകിലായി ഓടിയഎന്നെ അപ്പൊ അവളു കണ്ടു. ഉടനെ തന്നെ ഒട്ടും സംശയിക്കാതെ അവളു പറഞ്ഞു ഞാനാ അവളെ തള്ളിയിട്ടതെന്നു. ഞാൻ അതുകേട്ടു ആകെ സങ്കടപ്പെട്ടു പറഞ്ഞു ഞാനല്ലാന്നു. പക്ഷെ അവൾ ഉറപ്പിച്ചു പറഞ്ഞു ഞാനാണെന്ന്. ടീച്ചർ അത് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ എനിക്ക് എന്റെ സ്കൂൾ ജീവിതത്തിലെ ആദ്യത്തെ അടി കിട്ടി. ചെയ്യാത്ത കുറ്റത്തിന് അടികിട്ടിയപ്പോൾ അന്ന് വളരെയധികം സങ്കടം തോന്നി. പക്ഷെ ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും.
എന്റെ വീട്ടിൽ നിന്നും ഏതാണ്ട് ഒന്ന് ഒന്നര കിലോമീറ്റർ ഉണ്ട് സ്കൂളിലേക്ക്. അന്ന്എല്ലാ ദിവസവും നടന്നാണ് സ്കൂളിൽ പോകുന്നതു. കുളം, തോട് എന്നിങ്ങനെകുട്ടികള്ക്ക് കാണാൻ ഇഷ്ടമുള്ളതൊക്കെ ഉള്ള വഴി ആയിരുന്നു അത്. അതുകൊണ്ട്തന്നെ ഇതിലൊക്കെ ഉള്ള മീനുകളെയും മറ്റു ജീവികളെയും നോക്കിനിന്നു സമയംകളഞ്ഞിട്ടൊക്കെ ആയിരുന്നു സ്കൂളിൽ പോയിരുന്നത്. വഴിയിൽ ഒരു തോട് ഉണ്ടെന്നു പറഞ്ഞല്ലോ, അതിലെ മീനുകൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. നമ്മൾ വെള്ളത്തിലേക്ക് തുപ്പിയാൽ മീനുകൾ എല്ലാം കൂടി വന്നു മത്സരിച്ചു അത് കൊത്തിതിന്നും. അന്ന് അതുവഴി പോകുന്ന എല്ലാ കുട്ടികളുടെയും ഒരു ഹോബി ആയിരുന്നു അത്.
പിന്നെ മഴക്കാലം ആണെങ്കിൽ പറയണ്ട സ്കൂളിൽ എത്താൻ പിന്നെയും വൈകും. ഈ കുളവും തോടും മറ്റും നിറഞ്ഞു അതിലെ മീനുകൾ വഴിയുടെ ഇരുവശത്തുകൂടിയും ഒഴുകുന്ന വെള്ളത്തിലൂടെ പോകുന്നുണ്ടാകും. പിന്നെ അതിനെ നോക്കി നിന്നും കൈകുമ്പിളിൽ അതിനെ കോരി എടുത്തും ഒക്കെ കളിച്ചു ഒരുവിധം സ്കൂളിൽ എത്തും. അപ്പോഴേക്കും ഉടുപ്പൊക്കെ നനഞ്ഞു കുതിർന്നിട്ടുണ്ടാകും. സ്കൂൾ വിട്ടു വീടിലേക്ക് വരുമ്പോൾ ആണെങ്കിൽ ഈ മീനുകളെ ഒക്കെ പിടിച്ചു ഒരു കവറിൽ വെള്ളം നിറച്ചു അതിൽ ഇട്ടുകൊണ്ടു പോകും. പിന്നെ വീട്ടിലെത്തിയാൽ ഇതിനെയൊക്കെ എടുത്തു ഒരു വലിയ കുപ്പിയിൽ ഇടുന്ന തിരക്കാവും. അങ്ങനെ കുറച്ചു ദിവസത്തേക്ക് ആണെങ്കിലുംഎല്ലാവരും ഇത്പോലെ സ്വന്തം അക്വേറിയം ഉണ്ടാക്കാറുണ്ടായിരുന്നു. ഈകുറച്ചു ദിവസത്തേക്ക് എന്ന് പറയുന്നതിന് കാരണം ഉണ്ട്. ഒന്നുകിൽ മീനുകൾ ഓരോന്നായി ചത്തു പോകാൻ തുടങ്ങും, അല്ലെങ്കിൽ ബാക്കി ഉള്ളതിനെ അമ്മ വഴക്ക് പറഞ്ഞു വീടിനു അടുത്തുള്ള കുളത്തിൽ കൊണ്ടുപോയി കളയും. അങ്ങനെ എത്ര രസകരമായതായിരുന്നു അന്നൊക്കെ സ്കൂളിലേക്കുള്ള യാത്ര. ഇന്നൊക്കെ കുട്ടികൾ സ്കൂൾ ബസിൽ അല്ലേ പോകുന്നത്. അവർക്ക് ഇതൊക്കെ അനുഭവിക്കാനും ആസ്വദിക്കാനും അവസരങ്ങളുമില്ല സമയവുമില്ല.